എൻജിൻ ഓയിൽ സ്ലഡ്ജ് ട്രീറ്റ്മെൻറ്


എഞ്ചിൻ ഓയിൽ കേടാകുന്നതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ്  ഉയർന്ന താപനിലയും ഓക്സിജനും ആയുള്ള സമ്പർക്കവും. സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന മിനറൽ എഞ്ചിൻ ഓയിൽ , കൂടുതൽ സമയം ഉയർന്ന താപനിലയിൽ പ്രവർത്തിക്കുകയും ഓക്സിജനുമായി സമ്പർക്കത്തിൽ ആകുകയും ചെയ്യുമ്പോൾ  എൻജിൻ ഓയിലിലെ തന്മാത്രകൾ വിഘടിക്കുകയും എൻജിന്റെ ഉള്ളിലെ അഴുക്ക്, ഇന്ധനം, ലോഹ കണികകൾ, ജലാംശം, മറ്റു വാതകങ്ങൾ, എന്നിവ തമ്മിലുള്ള രാസപ്രവർത്തനങ്ങളുടെ ഫലമാണ് എഞ്ചിൻ ഭാഗങ്ങളിൽ പറ്റിനിൽക്കുന്ന കറുത്ത നിറത്തിൽ ഗ്രീസ് അല്ലെങ്കിൽ ജെൽ പോലെയുള്ള പദാർത്ഥമായ ഓയിൽ സ്ലഡ്ജ്. 

പലർക്കും ഓയിൽ സ്ലഡ്ജിനെ കുറിച്ച് അറിവില്ലാത്തതിനാൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഓയിൽ സ്ലഡ്ജ് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. എഞ്ചിൻ ഓയിൽ സ്ലഡ്ജ് ഉള്ള വാഹനങ്ങൾക്ക് പലപ്പോഴും ചെലവേറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും.

നമ്മൾ ഓരോ തവണ ഓയിൽ മാറുമ്പോഴും ചെറിയ അളവിൽ ഓയിൽ സ്ലഡ്ജ് ഉണ്ടാകുന്നുണ്ട് എന്നാൽ ഗുണനിലവാരം കുറഞ്ഞ ഓയിൽ ഉപയോഗിക്കുകയോ ശരിയായ സമയത്ത് ഓയിൽ മാറാതിരിക്കുകയോ ചെയ്യുമ്പോൾ ഓയിൽ സ്ലഡ്ജിൻറെ അളവ് കൂടുകയും ഇത് എൻജിന്റെ പല ഭാഗങ്ങളിലും അടിയുകയും ചെയ്യുന്നു. ഇത് എൻജിനിലൂടെയുള്ള ഓയിൽ പ്രവാഹത്തെ തടസ്സപ്പെടുത്തുകയും, എൻജിന് വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കാതിരിക്കുകയും എൻജിന്റെ തേയ്മാനം കൂടുകയും ചെയ്യുന്നു. ചിലപ്പോൾ എൻജിൻ റീബിൽഡിനു തന്നെ കാരണമായേക്കാം.